ആഗസ്‌റ്റ് 13, 2026
വാല്യൂഫിൻ ഇന്ത്യ ക്രെഡിറ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനു മേൽ
ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി.
'ഓഹരി ഉടമസ്ഥാവകാശമോ നിയന്ത്രണമോ ഏറ്റെടുക്കൽ' എന്നത് സംബന്ധിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, വാല്യൂഫിൻ ഇന്ത്യ ക്രെഡിറ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് (പ്രസ്തുത കമ്പനി) മേൽ ആർ.ബി.ഐ. 2026 ഓഗസ്റ്റ് 11-ലെ ഉത്തരവിലൂടെ 1.80 ലക്ഷം രൂപ (ഒരു ലക്ഷത്തി എൺപതിനായിരം രൂപ മാത്രം) പിഴ ചുമത്തി. 1934-ലെ ആർ.ബി.ഐ.ആക്ടിലെ വകുപ്പ് 58G(1)(b))-യോടൊപ്പം വായിക്കേണ്ട 58B(5)(aa വകുപ്പ് പ്രകാരം ആർ.ബി.ഐ.യ്ക്ക് മേൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
പുതിയ നിക്ഷേപകർ കമ്പനിയുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി മൂലധനത്തിന്റെ 26 ശതമാനത്തിലധികം വരുന്ന ഓഹരികളോ നിയന്ത്രണമോ ഏറ്റെടുക്കുന്നതിന് മുൻകൂട്ടിയുള്ള അനുമതിക്ക് പകരം പിന്നീട് അനുമതി (post-facto approval) തേടിയതുമായി ബന്ധപ്പെട്ട് ആർ.ബി.ഐ.യും പ്രസ്തുത കമ്പനിയും തമ്മിൽ നടന്ന ആശയവിനിമയത്തിൽ, ആർ.ബി.ഐ.യുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ, പ്രസ്തുത നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് എന്തുകൊണ്ട് പിഴ ചുമത്തിക്കൂടാ എന്നതിനെക്കുറിച്ച് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസ്തുത കമ്പനിക്ക് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത കമ്പനിയുടെ മറുപടിയും നേരിട്ടുള്ള വാദം കേൾക്കൽ വേളയിൽ നടത്തിയ വാക്കാലുള്ള വിശദീകരണങ്ങളും പരിഗണിച്ച ശേഷം, പ്രസ്തുത കമ്പനിക്കെതിരായ ഇനിപ്പറയുന്ന കുറ്റം (ചാർജ്) നിലനിൽക്കുന്നതാണെന്നും അതിനാൽ പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർ.ബി.ഐ. കണ്ടെത്തി.
തങ്ങളുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി മൂലധനത്തിന്റെ 26 ശതമാനത്തിലധികം വരുന്ന ഓഹരി ഉടമസ്ഥതയിലുള്ള മാറ്റത്തിന്, ആർ.ബി.ഐ.യുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി നേടുന്നതിൽ പ്രസ്‌തുത കമ്പനി പരാജയപ്പെട്ടു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത കമ്പനി അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത കമ്പനിയ്‌ക്കെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(ബ്രിജ് രാജ്)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2026-2027/883 |