സെപ്റ്റംബർ 25, 2025
തെലങ്കാനയിലെ ജഗ്തിയാലിലുള്ള ഗായത്രി കോ-ഓപ്പറേറ്റീവ്
അർബൻ ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ
ചുമത്തി.
'അർബൻ സഹകരണ ബാങ്കുകളിൽ നിന്നുള്ള മ്യൂച്വൽ ഫണ്ട് / ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനം / വിതരണം' സംബന്ധിച്ച് ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന്, തെലങ്കാനയിലെ ജഗ്തിയാലിലുള്ള ഗായത്രി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് മേൽ (പ്രസ്തുത ബാങ്ക്) 2025 സെപ്റ്റംബർ 23 ലെ ഉത്തരവ് പ്രകാരം ആർ.ബി.ഐ 10.00 ലക്ഷം രൂപ (പത്ത് ലക്ഷം രൂപ മാത്രം) പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ വകുപ്പുകൾ 47A(1)(c) ഉം 46(4)(i) ഉം 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.ക്ക് മേൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർ.ബി.ഐ പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതായുള്ള പരിശോധനാ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടിയും വ്യക്തിഗത ഹിയറിങ്ങിനിടെ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും പരിഗണിച്ചതിനുശേഷം, മറ്റു കാര്യങ്ങൾക്കൊപ്പം പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റം നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ.കണ്ടെത്തുകയും, തന്മൂലം പണപ്പിഴ ചുമത്തൽ നിർബന്ധിതമാവുകയും ചെയ്തു.
മതിയായ വെളിപ്പെടുത്തലും സുതാര്യതയും ഇല്ലാതെയാണ് പ്രസ്തുത ബാങ്ക്, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റത്.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2025-2026/1167 |