സെപ്റ്റംബർ 18, 2025
മഹാരാഷ്ട്രയിലെ ദി ജൽഗാവ് ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-
ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക്
പണപ്പിഴ ചുമത്തി.
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (ബി.ആർ. ആക്ട്) വകുപ്പ് 20 നോടൊപ്പം വകുപ്പ് 56 ചേർത്തിട്ടുള്ള വ്യവസ്ഥകൾ പാലിക്കാത്തതിനും 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി)' എന്ന വിഷയത്തിൽ ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ) പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനും, 2025 സെപ്റ്റംബർ 15 ലെ ഉത്തരവ് പ്രകാരം, മഹാരാഷ്ട്രയിലെ ദി ജൽഗാവ് ഡിസ്ട്രിക്റ്റ് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ ആർ.ബി.ഐ 3.50 ലക്ഷം രൂപ (മൂന്ന് ലക്ഷം അമ്പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. ബി.ആർ. ആക്ടിലെ വകുപ്പ് 47A(1)(c) യോടൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.ക്ക് മേൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
2024 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം / ആർ.ബി.ഐ നിർദ്ദേശങ്ങൾ പാലിക്കാത്തത് എന്നിവയെക്കുറിച്ചുള്ള പരിശോധനാ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ ഉപദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, അത് നടത്തിയ കൂടുതൽ സമർപ്പണങ്ങൾ, വ്യക്തിഗത ഹിയറിംഗിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ എന്നിവ പരിഗണിച്ചതിനുശേഷം, പ്രസ്തുത ബാങ്കിനെതിരെ ചുമത്തിയിരിക്കുന്ന താഴെപ്പറയുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബന്ധിതമാവുകയും ചെയ്തു.
പ്രസ്തുത ബാങ്ക്:
-
ഡയറക്ടറുമായി ബന്ധപ്പെട്ടവർക്ക് വായ്പകൾ അനുവദിച്ചു.
-
ഓരോ ഉപഭോക്താവിനും ഒരൊറ്റ യുണീക്ക് കസ്റ്റമർ ഐഡന്റിഫിക്കേഷൻ കോഡ് (UCIC) അനുവദിക്കുന്നതിനുപകരം, ചില ഉപഭോക്താക്കൾക്ക് ഒന്നിലധികം ഉപഭോക്തൃ തിരിച്ചറിയൽ കോഡുകൾ അനുവദിച്ചു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2025-2026/1123 |