ജനുവരി 30, 2025
ഗുജറാത്ത് വഡോദര ജില്ലയിലെ ശ്രീ സാവ്‌ലി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് മേൽ ഭാരതീയ റിസർവ് ബാങ്ക് പണപ്പിഴ ചുമത്തി
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് (ബി.ആർ. ആക്ട്) ലെ 26എ വകുപ്പിനൊപ്പം വകുപ്പ് 56 ചേർത്തു വായിക്കുമ്പോഴുള്ള വ്യവസ്ഥകൾ ലംഘിച്ചതിനും, 'പ്രാഥമിക (നഗര) സഹകരണ ബാങ്കുകളുടെ നിക്ഷേപം', 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി)', 'ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിൽ (സി.ഐ.സി) സഹകരണ ബാങ്കുകളുടെ അംഗത്വം' എന്നീ വസ്തുതകളിൽ ആർ.ബി.ഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനും, ഗുജറാത്തിലെ വഡോദര ജില്ലയിലെ ശ്രീ സാവ്‌ലി നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡിന് (പ്രസ്തുത ബാങ്ക്) മേൽ, 2025 ജനുവരി 27 ലെ ഉത്തരവ് പ്രകാരം ഭാരതീയ റിസർവ് ബാങ്ക് (ആർ.ബി.ഐ.) 2.10 ലക്ഷം രൂപ (രണ്ട് ലക്ഷത്തി പതിനായിരം രൂപ മാത്രം) പിഴ ചുമത്തി. ബി.ആർ. ആക്ടിലെ 47എ(1)(സി) വകുപ്പിനൊപ്പം വകുപ്പുകൾ 46(4)(i) ഉം 56 ഉം, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി (റെഗുലേഷൻ) ആക്ട് 2005 ലെ വകുപ്പ് 25 ഉം ചേർത്ത് വായിക്കുമ്പോൾ ആർ.ബി.ഐ.യിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.
2023 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആർ.ബി.ഐ., പ്രസ്തുത ബാങ്കിന്റെ നിയമപരമായ പരിശോധന നടത്തി. നിയമപരമായ വ്യവസ്ഥകളുടെ ലംഘനം/ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തത് എന്നിവ സംബന്ധിച്ച മേൽനോട്ടപരമായ കണ്ടെത്തലുകളുടെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, പ്രസ്തുത വ്യവസ്ഥകളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയുടെ പേരിൽ പിഴ ചുമത്താതിരിക്കാൻ കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് പ്രസ്തുത ബാങ്കിന് ഒരു നോട്ടീസ് നൽകുകയുണ്ടായി. നോട്ടീസിനുള്ള പ്രസ്തുത ബാങ്കിന്റെ മറുപടി, വ്യക്തിഗത ഹിയറിങ്ങിൽ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങൾ, മറ്റുള്ള സമർപ്പണങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷം, മറ്റ് കാര്യങ്ങൾക്കൊപ്പം, പ്രസ്തുത ബാങ്കിനെതിരെ ഇനിപ്പറയുന്ന കുറ്റങ്ങൾ (ചാർജ്) നിലനിൽക്കുന്നുണ്ടെന്ന് ആർ.ബി.ഐ കണ്ടെത്തുകയും തന്മൂലം പണപ്പിഴ ചുമത്തൽ നിർബ്ബന്ധിതമാവുകയും ചെയ്തു:
പ്രസ്തുത ബാങ്ക്:
- അർഹമായ അവകാശികളെത്താത്ത തുകകൾ നിശ്ചിത സമയത്തിനുള്ളിൽ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റുന്നതിൽ പരാജയപ്പെട്ടു.
- ഹെൽഡ് ടു മെച്യൂരിറ്റി (HTM) വിഭാഗത്തിൽ കൈവശം വയ്ക്കാവുന്ന മൊത്തം നിക്ഷേപങ്ങളുടെ പരിധി ലംഘിച്ചു.
- ഉപഭോക്താക്കളുടെ കെ.വൈ.സി രേഖകൾ നിശ്ചിത സമയത്തിനുള്ളിൽ സെൻട്രൽ കെവൈസി റെക്കോർഡ്സ് രജിസ്ട്രിയിൽ (സി.കെ.വൈ.സി.ആർ) അപ്‌ലോഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടു.
- വായ്പയെടുത്തവരുടെ വിവരങ്ങൾ മൂന്ന് സിഐസികൾക്ക് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
ഈ നടപടി, നിയമം വ്യവസ്ഥാപനം ചെയ്യുന്ന ഉത്തരവുകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നു മാത്രമല്ല, ഇത് പ്രസ്തുത ബാങ്ക് അവരുടെ ഉപഭോക്താക്കളുമായി നടത്തിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ചുള്ള വിധി പറയുവാൻ ഉദ്ദേശിച്ചുള്ളതുമല്ല. കൂടാതെ, ഈ പണപ്പിഴ ചുമത്തല്‍ പ്രസ്തുത ബാങ്കിനെതിരെ ആര്‍.ബി.ഐ മേലില്‍ ആരംഭിച്ചേക്കാവുന്ന മറ്റെന്തെങ്കിലും നടപടികളിന്മേല്‍ യാതൊരുവിധ മുന്‍വിധിയും ഉളവാക്കുന്നതല്ല.
(പുനീത് പഞ്ചോളി)
ചീഫ് ജനറൽ മാനേജർ
പത്രക്കുറിപ്പ്: 2024-2025/2045 |