Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (480.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/12/2021
ഗവർണറുടെ പ്രസ്താവന : ഡിസംബർ 08, 2021

ഗവർണറുടെ പ്രസ്താവന : ഡിസംബർ 08, 2021

ഞാൻ ഈ പ്രസ്താവന നടത്തുമ്പോൾ, നമ്മുടെ അസ്തിത്വത്തെ നിർവചി ക്കുന്ന മഹാമാരിയുടെ രണ്ട് തരംഗങ്ങളുടെ ആഘാതത്തിന്‍റെ അനുഭവത്തിലേക്ക് ഞാൻ തിരിഞ്ഞുനോക്കുകയാണ്. മനുഷ്യജീവിത ത്തിന്‍റെ എല്ലാ ഘടകങ്ങളും സമൂലമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ഈ വിഷമകരമായ യാത്രയിൽ നാം നേടിയത് അസാധാരണമായ ഒന്നാണ്. ലോകമെമ്പാടും ഇടയ്ക്കിടെ ഭീഷണി മുഴക്കിയ കോവിഡ് -19 എന്ന അദൃശ്യ ശത്രുവിനെ നേരിടാൻ നാം ഇപ്പോൾ കൂടുതൽ തയ്യാറെടുത്തിരിക്കുന്നു.

2. 2020-21 ന്‍റെ ആദ്യ പാദത്തിലെ ഏറ്റവും ആഴത്തിലുള്ള സങ്കോചാ വസ്ഥയിൽ നിന്ന്, 2021-22 ന്‍റെ ആദ്യ പകുതിയിൽ നമ്മുടെ പ്രൊജക്ഷൻ അനുസരിച്ചുതന്നെ ജിഡിപി 13.7 ശതമാനം വർദ്ധിച്ച ഒരു നിലയിലേയ്ക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അക്ഷരാർത്ഥത്തിൽ എത്തിച്ചേർന്നിരിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളിലും, പകർച്ചവ്യാധിക്കു മുമ്പുള്ള ഉൽ‌പാദന നിലവാരം മറികടന്നു. ഹ്രസ്വകാലംമാത്രം നിലനിൽക്കുന്ന ഉയർച്ചകൾ ഒഴികെയുള്ള കാര്യങ്ങളിൽ 4 ശതമാനം എന്ന ലക്ഷ്യവുമായി പണപ്പെരുപ്പം വിശാലമായി സന്തുലിതമായിരിക്കുന്നു. ബാഹ്യസാമ്പത്തികാ വശ്യകതകൾ വളരെ മിതമായതും ശക്തമായ ബഫർ ശേഖരങ്ങൾ ഏതെങ്കിലും ആഗോള സ്പിൽഓവറുകൾ ഉണ്ടായാൽ അവയെ ചെറുത്തുനിൽക്കുന്നതുമാണ്. ഉയർന്ന നികുതി വരുമാനത്താൽ പൊതു ധനകാര്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) മുമ്പുണ്ടായിട്ടില്ലാത്ത രീതിയിലുളള തോതിലും വ്യാപ്തിയിലും ഈ ഫലം കൊണ്ടുവരാൻ നയപരമായ പ്രവർത്തനങ്ങൾ സമാഹരിക്കുകയുണ്ടായി. അതുപോലെ, മുനിസിപ്പൽ, തദ്ദേശ സ്ഥാപനങ്ങളിൽ വിശ്രമമന്യേ പ്രവർത്തിച്ച നമ്മുടെ പോരാളികളുടെ നിസ്വാർത്ഥവും അശ്രാന്തവുമായ പരിശ്രമം; ആരോഗ്യമേഖലയിലേയും, പോലീസ്, അഡ്മിനിസ്ട്രേറ്റീവ് രംഗത്തെ ഉദ്യോഗസ്ഥർ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സിവിൽ സമൂഹവുമെല്ലാം ഈ നേട്ടത്തിന്‍റെ നേരവകാശികളാണ്. അവരെല്ലാം പ്രശംസയർഹിക്കുന്നു. മഹാത്മാഗാന്ധിയുടെ ഒരു ഉദ്ധരണി അവർ നമ്മെ ഓർമ്മിപ്പിക്കുന്നു: "സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയമലിഞ്ഞുചേരുക എന്നതാണ്"1. ഈ മഹാമാരി ഇന്ത്യയെ യഥാർത്ഥത്തിൽ ഒരുമിച്ച് കൊണ്ടുവന്നുവെന്നും, ആഗോള വളർച്ചയ്ക്ക് ഉത്തേജനം നൽകുന്ന നിലയിലേക്കുളള ഇന്ത്യയുടെ ആഗമനനിമിഷം വൈകാതെ ഉണ്ടാകുമെന്നും ഞാൻ കരുതുന്നു.

3. 2021 ഡിസംബർ 6, 7, 8 തീയതികളിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) ചർച്ചകളിലേക്ക് ഇനി ഞാൻ വരാം. മാക്രോ ഇക്കണോമിക് സാഹചര്യത്തിന്‍റെയും വീക്ഷണത്തിന്‍റെയും വിലയിരു ത്തലിന്‍റെ അടിസ്ഥാനത്തിൽ, ഇക്കാര്യത്തിൽ തൽസ്ഥിതി നിലനിർത്താൻ ഏകകണ്ഠമായും, പോളിസി റിപ്പോ നിരക്കിൽ അനുകൂല നയനിലപാട് നിലനിർത്താൻ 5 ൽ ഒന്നൊഴികെയെന്ന ഭൂരിപക്ഷത്തോടെ എന്ന നിലയിലും എംപിസി വോട്ട് ചെയ്തു. തൽഫലമായി, പോളിസി റിപ്പോ നിരക്ക് 4 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുന്നു. വളർച്ചയെ പുനരുജ്ജീവിപ്പിക്കാനും സുസ്ഥിരമാക്കാനും ആവശ്യമായി വരുന്നിടത്തോളം ഈ നിലപാട് തുടരുകയും, മുന്നോട്ട് പോകുന്ന ലക്ഷ്യത്തിനുള്ളിൽ നിന്ന്, സമ്പദ്‌ വ്യവസ്ഥയിൽ കോവിഡ്-19 ന്‍റെ ആഘാതം ലഘൂകരിക്കുന്ന നടപടി മുൻപെന്നപോലെ തുടരുകയും ചെയ്യുന്നു. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും മാറ്റമില്ലാതെ 4.25 ശതമാനമായി തുടരുന്നു. റിവേഴ്സ് റിപ്പോ നിരക്കും മാറ്റമില്ലാതെ 3.35 ശതമാനമായി തുടരും.

4. പോളിസി നിരക്കിലും നിലപാടുകളിലും തൽസ്ഥിതി നില നിർത്തുന്നതിനുള്ള തീരുമാനത്തിന്‍റെ എംപിസിയുടെ യുക്തിയെക്കുറിച്ച് ഇപ്പോൾ സംക്ഷിപ്തമായി വിവരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിലയിരുത്തലിന് അനുസൃതമായി സാമ്പത്തിക പ്രവർത്തനങ്ങൾ വിശാലമായരീതിയിൽ വികസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, പുതിയ കോവിഡ്-19 അണുബാധകളിലെ വർദ്ധിച്ചതും സുസ്ഥിരവുമായ കുറവും വാക്‌സിനേഷൻ കവറേജിലെ വർദ്ധനവും ഉപഭോക്തൃ ആത്മ വിശ്വാസത്തിനും ബിസിനസ്സ് ശുഭാപ്തിവിശ്വാസത്തിനും കാരണമാകുന്നു വെന്ന് എംപിസി വിലയിരുത്തി. പകർച്ചവ്യാധി പ്രതികൂലമായിബാധിച്ച കോൺടാക്റ്റ്-ഇൻറൻസീവ് സേവനങ്ങൾ ഉൾപ്പെടെയുളള സാമ്പത്തിക പ്രവർത്തനത്തിനുള്ള സാധ്യതകൾ ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ട്. ഭക്ഷ്യവില പിടിച്ചുനിർത്താൻ സർക്കാർ സ്വീകരിച്ച സപ്ലൈ സൈഡ് നടപടികളും പെട്രോൾ, ഡീസൽ എന്നിവയുടെ കേന്ദ്ര എക്സൈസ് തീരുവയിലും സംസ്ഥാന വാററിലെ (മൂല്യവർദ്ധിത നികുതി) കാലിബ്രേറ്റ് ചെയ്ത കുറവുകളും എംപിസി ശ്രദ്ധിച്ചിരുന്നു. അസംസ്‌കൃത എണ്ണവിലയും നവംബർ അവസാനം മുതൽ കുറഞ്ഞിട്ടുണ്ട്. ഇത് ഒരു പരിധിവരെ, ആഭ്യന്തര ചെലവ് വർദ്ധനാസാദ്ധൃത ലഘൂകരിക്കും.

5. മൊത്തത്തിലുള്ള ഡിമാൻഡിന്‍റെ വീണ്ടെടുക്കൽ സ്വകാര്യ നിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു, അത് ഇപ്പോഴും പിന്നിലാണ്. ആഗോള സംഭവ വികാസങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പ്രശ്നങ്ങൾ ആഭ്യന്തര വീക്ഷണത്തിനുള്ള പ്രധാന അപകടമായി എംപിസി കണക്കാക്കുന്നു, ഇത് ഇപ്പോൾ കോവിഡ്-19 ന്‍റെ ഒമിക്രോൺ വകഭേദത്താൽ ഒരു പരിധിവരെ ആവൃതമാണ്. മാത്രമല്ല, സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും പ്രവർത്തന ങ്ങളുടെ തുടർച്ചയായ തടസപ്പെടലുകളും കണക്കിലെടുക്കുമ്പോൾ, പ്രത്യേകിച്ചും സ്വകാര്യ ഉപഭോഗം, ഇപ്പോഴും പാൻഡെമിക്കിന് മുമ്പുള്ള നിലവാരത്തിന് താഴെയാണ്, ദീർഘകാലം നിലനിൽക്കുന്നതും, വിശാലവുമായ അടിസ്ഥാനവീണ്ടെടുക്കലിന് തുടർച്ചയായ നയപിന്തുണ ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ, നിലവിലുള്ള റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിലനിർത്താനും വളർച്ചയ്ക്ക് അനുകൂലമായ നിലപാട് തുടരാനും എംപിസി തീരുമാനിച്ചു.

വളർച്ചയുടേയും പണപ്പെരുപ്പത്തിൻറേയും വിലയിരുത്തൽ

6. 2021 നവംബർ 30-ലെ എൻഎസ്ഒയുടെ പ്രസ്താവന, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പ് ശക്തി പ്രാപിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. യഥാർത്ഥ ജിഡിപി വളർച്ച വർഷാനുവർഷമുളള കണക്കിൽ 2021-22 രണ്ടാം പാദത്തിൽ 8.4 ശതമാനമായി. മുൻ വർഷം ഇതെ പാദത്തിൽ ഇത് 20.1 ശതമാനം ആയിരുന്നു. ജിഡിപിയുടെ എല്ലാ ഘടകങ്ങളും മുൻവർഷത്തേക്കാൾ വളർച്ച രേഖപ്പെടുത്തി. കയറ്റുമതിയും ഇറക്കുമതിയും കോവിഡിന് മുമ്പുള്ള നിലകൾ ശക്തമായി മറികടക്കുന്നുണ്ട്.

7. ഉൽസവ സീസണോടെ ഡിമാൻഡ് വർധിച്ചതിനാൽ ഉപഭോഗത്തി ന്‍റെ ആവശ്യം മെച്ചപ്പെടുകയാണെന്ന് ലഭൃമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. റാബി വിതയ്ക്കുന്നതിനുള്ള ശക്തമായ തുടക്കം, പ്രധാനമന്ത്രി-കിസാൻ പദ്ധതിക്ക് കീഴിലുള്ള നേരിട്ടുള്ള കൈമാറ്റരീതികൾ, 2022 മാർച്ച് വരെയുളള കണക്കിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരമുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം എന്നിവയുടെ പിന്തുണയോടെ കാർഷിക-കാർഷികാനുബന്ധ പ്രവർത്തനങ്ങളുടെ ശക്തമായ പ്രകടനഫലമായി ഗ്രാമീണ ആവശ്യങ്ങൾ കൂടുകയും, കാർഷിക തൊഴിലവസരങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി യാത്രയ്ക്കും വിനോദസഞ്ചാരത്തിനുമുള്ള ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ നഗരപ്രദേശങ്ങളിലെ ഡിമാൻഡും ശക്തിപ്പെടുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. റെയിൽവേ ചരക്ക് ഗതാഗതം, തുറമുഖ ചരക്ക് നീക്കം, ജി.എസ്.ടി വരുമാനം, ടോൾ പിരിവുകൾ, പെട്രോളിയം ഉപഭോഗം, വിമാന യാത്രക്കാരുടെ ഗതാഗതം തുടങ്ങിയ മറ്റ് സൂചകങ്ങളും ഒക്ടോബർ/നവംബർ മാസങ്ങളിൽ ഉയർന്നു. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവയും സംസ്ഥാന വാറ്റും അടുത്തിടെ കുറച്ചത് വാങ്ങൽ ശേഷി വർദ്ധിപ്പിച്ച് ഉപഭോഗ ആവശ്യകതയെ പിന്തുണയ്ക്കുവാൻ ലക്ഷൃമിട്ടാണ്. മൊത്തത്തിലുള്ള ഡിമാൻഡിന് പിന്തുണ നൽകിക്കൊണ്ട് ഓഗസ്റ്റ് മുതൽ സർക്കാർ ഉപഭോഗവും വർദ്ധിക്കുന്നുണ്ട്.

8. നിക്ഷേപ പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിനുള്ള വ്യവസ്ഥകളും നിലവിൽ വന്നു. ക്യാപിറ്റൽ വസ്തുക്കളുടെ ഉൽപ്പാദനം സെപ്റ്റംബറിൽ തുടർച്ചയായ മൂന്നാം മാസവും പകർച്ചവ്യാധിക്കു മുമ്പുള്ള നിലയ്ക്ക് മുകളിലായിരുന്നു, അതേസമയം മൂലധന വസ്തുക്കളുടെ ഇറക്കുമതി ഒക്ടോബറിൽ ഇരട്ട അക്കത്തിൽ വർദ്ധിച്ചു. ഇത് തുടർച്ചയായ എട്ടാം മാസവും നിലനിറുത്തുന്ന വളർച്ചയാണ്. മൂലധനനിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില ലക്ഷൃങ്ങൾക്കു വിധേയമായി, മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ (ജി.എസ്.ഡി.പി) 0.5 ശതമാനത്തിന് തുല്യമായതുക സംസ്ഥാനങ്ങൾ അധികമായി വിപണിയിൽ നിന്ന് കടമെടുക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് ഇളവ് നൽകിയതും, ഫ്രണ്ട്-ലോഡ് നികുതി വിഭജനത്തിനുള്ള തീരുമാനവും സംസ്ഥാനങ്ങളുടെ മൂലധന ചെലവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. കാപെക്സിൽ ഗവൺമെൻറ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വകാര്യ നിക്ഷേപത്തിൽ വർദ്ധനവുണ്ടാക്കാനുമാണ്. അത് ദീർഘകാലമായി നിശബ്ദമായ അവസ്ഥയിൽ തുടരുകയാണ്. കൂടാതെ, റിസർവ് ബാങ്കിന്‍റെ ലിക്വിഡിറ്റി നടപടികളാൽ രൂപപ്പെട്ട പണപരവും, സാമ്പത്തികവുമായ അനുകൂലസാഹചര്യങ്ങൾ കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകളിലെ സമ്മർദ്ദം ഗണ്യമായി ഇല്ലാതാക്കി.

9. മൊത്തത്തിൽ, പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്താൽ വീണ്ടെടുക്കൽ തടസ്സപ്പെട്ടിരുന്നു. ഇപ്പോൾ അതു തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അത് സ്വയം നിലനിൽക്കുന്നതും നീണ്ടുനിൽക്കുന്ന തുമായിരിക്കാൻ പാകത്തിൽ ഇതുവരെ ശക്തമായിട്ടില്ല. തുടർച്ചയായ നയ പിന്തുണയുടെ പ്രാധാന്യം സുപ്രധാനമാണെന്ന് ഇത് അടിവരയിടുന്നു.

10. ഒമിക്‌റോണിന്‍റെ ആവിർഭാവത്തോടെയും, നിരവധി രാജ്യങ്ങളിൽ ഉണ്ടായ കോവിഡ്-19 അണുബാധകളുടെ പുതുക്കിയ കുതിച്ചുചാട്ട ത്തോടെയും പ്രതികൂലമായിട്ടുളള അപകടസാധ്യതകൾ വർദ്ധിച്ചു. കൂടാതെ, സമീപകാലത്ത് ചില തിരുത്തലുകൾ ഉണ്ടായിരുന്നിട്ടും, വികസിത സമ്പദ്‌വ്യവസ്ഥകളിലെ പണനയത്തിന്‍റെ ദ്രുതഗതിയിലുള്ള സാധാരണ വൽക്കരണം, ആഗോള വിതരണ തടസ്സങ്ങൾ കാരണമുളള ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവയാൽ ഉയർന്ന അന്താരാഷ്‌ട്ര ഊർജ, ചരക്ക് വിലകൾ വർദ്ധിക്കുന്ന പ്രവണത തുടരുന്നു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, യഥാർത്ഥ ജിഡിപി വളർച്ചയുടെ പ്രവചനം 2021-22 ൽ 9.5 ശതമാനമായി നിലനിർത്തുന്നു. ഇത് മൂന്നാം പാദത്തിൽ 6.6 ശതമാനവും, 2021-22 ലെ നാലാം പാദത്തിൽ 6.0 ശതമാനവുമാണ്. 2022-23 ഒന്നാം പാദത്തിൽ 17.2 ശതമാനവും, 2022-23 രണ്ടാം പാദത്തിൽ 7.8 ശതമാനവുമാണ് യഥാർത്ഥ ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നത്.

പണപ്പെരുപ്പം

11. ജൂണിനും സെപ്തംബറിനുമിടയിൽ കുത്തനെ ഇടിഞ്ഞതിനുശേഷം, മുഖൃ സി.പി.ഐ. പണപ്പെരുപ്പം സെപ്റ്റംബറിലെ 4.3 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 4.5 ശതമാനമായി ഉയർന്നു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പെയ്ത അകാല മഴയെത്തുടർന്ന് പച്ചക്കറി വിലയിലുണ്ടായ വർധനയാണ് ഈ ഉയർച്ചയിൽ പ്രധാനമായും പ്രതിഫലിച്ചത്. അന്താരാഷ്‌ട്ര ഊർജ വിലയുടെ കാഠിന്യം വർദ്ധിക്കുന്നത് ആഭ്യന്തര എൽപിജിയുടെയും മണ്ണെണ്ണയുടെയും വില ഏകദേശം പാദങ്ങളിലും ഉയർത്തുകയുണ്ടായി. ഒക്ടോബറിൽ ഇന്ധന വിലക്കയറ്റം 14.3 ശതമാനമായി ഉയർന്നു. 2020 ജൂൺ മുതൽ ഉയർന്ന അടിസ്ഥാന പണപ്പെരുപ്പം (അതായത്, ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള സിപിഐ പണപ്പെരുപ്പം) നിലനിൽക്കുന്നത്, ഡിമാൻഡ് ശക്തിപ്പെടുമ്പോൾ റീട്ടെയിൽ പണപ്പെരുപ്പത്തിലേക്ക് അതിവേഗം കൈമാറ്റം ചെയ്യപ്പെടുന്ന ഇൻപുട്ട് ചെലവ് സമ്മർദ്ദങ്ങൾ കണക്കിലെടുത്തുളള നയപരമായ ആശങ്കയുടെ ഒരു മേഖലയാണ്. ഈ സാഹചര്യത്തിൽ, പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവയും വാറ്റും കുറയ്ക്കുന്നത്, നേരിട്ടുള്ള ഫലങ്ങളിലൂടെയും ഇന്ധന, ഗതാഗത ചെലവുകളിലൂടെ ഉണ്ടാകുന്ന പരോക്ഷമായ പ്രത്യാഘാതങ്ങളിലൂടെയും പണപ്പെരുപ്പത്തിൽ ദീർഘകാലത്തേയ്ക്ക് കുറവുണ്ടാക്കും.

12. അതിനാൽ, പണപ്പെരുപ്പത്തിന്‍റെ പാത നമ്മുടെ മുൻകാല പ്രവചനങ്ങൾക്ക് അനുസൃതമായിരിക്കാനാണ് സാദ്ധൃത. വില സമ്മർദ്ദം കുറച്ചുനാൾകൂടി നിലനിൽക്കും. റാബി വിളയുടെ ശോഭനമായ സാധ്യതകൾ കണക്കിലെടുത്ത് ശൈത്യകാലത്തിന്‍റെ വരവോടെ പച്ചക്കറി വിലയിൽ കാലാനുസൃതമായ തിരുത്തൽ പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര ഭക്ഷ്യ എണ്ണ വില ഉയർന്നതുമൂലം ആഭ്യന്തര വിലയിൽ ഉണ്ടായ വർദ്ധന, ആഭ്യന്തര വിലയിൽ ഗവൺമെൻറിന്‍റെ വിതരണ തലത്തിലെ ഇടപെടലുകൾ തുടരുന്നതിന്‍റെ വീഴ്ച പരിമിതപ്പെടുത്തി. സമീപകാലത്ത് ക്രൂഡ് ഓയിൽ വിലയിൽ ചില തിരുത്തലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, പാൻഡെമിക് നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ ഡിമാൻഡ് കൂടുന്നതുമായി പൊരുത്തപ്പെടുത്തി, വില സമ്മർദ്ദങ്ങളുടെ നീണ്ടുനിൽക്കുന്ന നിയന്ത്രണശ്രമങ്ങൾ, ശക്തമായ ആഗോള വിതരണ പ്രതികരണങ്ങളെ ആശ്രയിച്ചിരിക്കും. സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം കാരണം അവയുടെ കൈമാററം നിശബ്ദമായി തുടരുമെങ്കിലും, കോസ്റ്റ്-പുഷ് സമ്മർദ്ദങ്ങൾ പ്രധാന പണപ്പെരുപ്പത്തെ തടസ്സപ്പെടുത്തുന്നത് തുടരുന്നതിനാണ് സാദ്ധൃത. അടിസ്ഥാന ഇഫക്റ്റുകൾ പ്രതികൂലമായി മാറുന്നതിനാൽ, വർഷത്തിന്‍റെ ശേഷിക്കുന്ന കാലയളവിൽ, പണപ്പെരുപ്പ നിലകൾ കുറച്ച് ഉയർന്ന തായിരിക്കും; എന്നിരുന്നാലും, 2021-22 ലെ നാലാംപാദത്തിൽ മൊത്ത ത്തിലുള്ള പണപ്പെരുപ്പം അത്യധികം ഉയരുമെന്നും അതിനുശേഷം മയപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഈ ഘടകങ്ങളെല്ലാം കണക്കി ലെടുത്താൽ, 2021-22 ൽ സിപിഐ പണപ്പെരുപ്പം 5.3 ശതമാനമായി രിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ഇത് മൂന്നാം പാദത്തിൽ 5.1 ശതമാനവും; 2021-22 ലെ നാലാം പാദത്തിൽ 5.7 ശതമാനവും ആയിരിക്കും. അപകട സാധ്യതകൾ വിശാലമായി സന്തുലിതമായിരിക്കും. സിപിഐ പണപ്പെരുപ്പം 2022-23 ഒന്നാം പാദത്തിൽ 5.0 ശതമാനമായി കുറയുമെന്നും, 2022-23 രണ്ടാം പാദത്തിൽ 5.0 ശതമാനമായി തുടരുമെന്നും പ്രതീക്ഷിക്കുന്നു.

13. ധനനയ നിലപാട് പ്രാഥമികമായി വികസിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര പണപ്പെരുപ്പവും വളർച്ചയുടെ ചലനാത്മകതയുമായി പൊരുത്തപ്പെടുന്നു. എന്നിരുന്നാലും, വ്യവസ്ഥാപിതമായി പ്രാധാന്യമുള്ള ആഗോള സെൻട്രൽ ബാങ്കുകളുടെ ധനനയ ക്രമീകരണങ്ങളിലെ ആസന്നമായ മാറ്റങ്ങൾ സ്പിൽഓവറുകളുടെ രൂപത്തിൽ ആഭ്യന്തര മാക്രോ-ഫിനാൻഷ്യൽ സ്ഥിരതയ്ക്ക് പുതിയ വെല്ലുവിളികൾ കൊണ്ടുവരുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഉചിതമായ നയ നിലപാടുകളും പ്രവർത്തനങ്ങളും ശക്തമായ ബഫറുകളും ഉപയോഗിച്ച് ആഭ്യന്തര സ്ഥൂലമൗലികഘടകങ്ങളെ പ്രതിരോധശേഷിയുള്ളവയാക്കി മാററണം. ഈ സന്ദർഭത്തിൽ, പണപ്പെരുപ്പത്തെ നേരിടുന്നതിനുണ്ടാക്കിയ അയവുളള ചട്ടക്കൂട് നൽകിയ നല്ല ഫലമുണ്ടാക്കിയ അടിത്തറ, പകർച്ചവ്യാധി കാലത്തെ വളർച്ചാ ആശങ്കകളെ ഫലപ്രദമായി പരിഹരിക്കുന്നതിന് പണനയത്തിന് വിശ്വാസ്യതയും വഴക്കവും നൽകി. നിലവിലെ സാഹചര്യത്തിൽ, ശക്തമായ വളർച്ചാവീണ്ടെടുക്കലിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പണപ്പെരുപ്പം ലക്ഷ്യവുമായി പൊരുത്തപ്പെടു ത്തുന്നത് പ്രധാനമാണ്. അതുപോലെ, സാമ്പത്തിക സ്ഥിരത അപകട സാധ്യതകൾ സൃഷ്ടിക്കുന്നത് തടയുന്നതിനൊപ്പം, സാമ്പത്തിക സ്ഥിതി ഗതികൾ വ്യവസ്ഥാപിതവും രൂപകല്പന ചെയ്തതും നന്നായി ചിട്ടപ്പെടു ത്തിയതുമായ രീതിയിൽ വീണ്ടും സന്തുലിതമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് റിസർവ് ബാങ്ക് ബോധവാന്മാരാണ്. വളർച്ചയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനാൽ വിലസ്ഥിരത പണനയ ത്തിന്‍റെ പ്രധാന തത്വമായി തുടരുന്നു. സമയബന്ധിതമായരീതിയിൽ ഒരു സുരക്ഷിത ആഗമനം ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ലിക്വിഡിറ്റി, ഫിനാൻഷ്യൽ മാർക്കറ്റ് അവസ്ഥകൾ

14. ആഗോള സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒമിക്റോൺ വൈറസിന്‍റെ പുതിയ രൂപഭാവം സാഹചര്യത്തിന്‍റെ സങ്കീർണ്ണത വർദ്ധിപ്പിച്ചു. നിരവധി സമ്പദ്‌വ്യവസ്ഥകൾ ഇപ്പോഴും വൈറസുമായി പോരാടിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവ കോവിഡ്-19 ന്‍റെ നീണ്ടുനിൽക്കുന്ന ആഘാതങ്ങൾ കൈകാര്യം ചെയ്യുന്നത് തുടരുന്നു. സമ്പദ്‌വ്യവസ്ഥകൾ വീണ്ടും തുറന്നപ്പോൾ, ഡിമാൻഡ് കുതിച്ചുയർന്നെങ്കിലും വിതരണ ശൃംഖലകൾ പ്രശ്നം നേരിട്ടു, പ്രധാന ഇൻപുട്ടുകളുടെ കുറവ്, തൊഴിൽ വിപണികൾ കർശനമാക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായി. ഉയർന്ന ഊർജ്ജ-ചരക്ക് വിലകൾ കൂടിയായപ്പോൾ ഉൽപ്പാദനം പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് മടങ്ങുന്നതിന് മുമ്പുതന്നെ, നിരവധി രാജ്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന പണപ്പെരുപ്പത്തിന് ആക്കം കൂട്ടാൻ ഇത് കാരണമായി. വികസിതവും വികസ്വരവുമായ വിപണി സമ്പദ്‌വ്യവസ്ഥകളിലെ നിരവധി സെൻട്രൽ ബാങ്കുകൾ പ്രതിസന്ധി സമയങ്ങളിലെ നയങ്ങളിൽ നിന്ന് വിട്ടുമാറി അവരുടെ സാധാരണ വളർച്ച-പണപ്പെരുപ്പ നയങ്ങളിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു. യാത്രയിലും പ്രവർത്തനത്തിലും കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്ന ഭയത്താൽ, വളർച്ചയുടേയും, പണപ്പെരുപ്പത്തിന്‍റെയും ചലനാത്മകത വരും മാസങ്ങളിൽ എങ്ങനെ പുറത്തുവരുമെന്ന കാര്യത്തിൽ ഇപ്പോൾ കാര്യമായ അനിശ്ചിതത്വമുണ്ട്. ഇതിന്‍റെ ഫലമായി സാമ്പത്തിക സ്ഥിതി കൂടുതൽ അസ്ഥിരമായി മാറുന്നു സാഹചര്യമാണ്.

15. നൂതന വളർച്ചാ പ്രേരണകളെ പരിപോഷിപ്പിക്കുന്നതിനും സുസ്ഥിരമായ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും ബാങ്കിംഗ് സംവിധാനത്തിൽ റിസർവ് ബാങ്ക് മതിയായ പണലഭ്യത (ലിക്വിഡിററി) നിലനിർത്തിയിട്ടുണ്ട്. ഇത് വേഗമേറിയതും കൂടുതൽ സമ്പൂർണ്ണവുമായ രീതിയിൽ പണനയകാര്യങ്ങൾ വേണ്ടവരെ അറിയിക്കുന്നതിനും ഗവൺമെൻറിന്‍റെ വിപണി കടമെടുപ്പു പദ്ധതിയുടെ ചിട്ടയായ നടത്തിപ്പിനും സഹായകമായി. വീണ്ടെടുക്കൽ ഉറപ്പിക്കുന്നതിനും സ്ഥൂലസാമ്പത്തിക പരവും, ധനപരവുമായ സ്ഥിരത വളർത്തുന്നതിനും സഹായകമായ രീതിയിൽ പണലഭ്യത നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് തുടരുന്ന തായിരിക്കും.

16. 2020 ഫെബ്രുവരിയിൽ തുടങ്ങിയ പരിഷ്‌ക്കരിച്ച ലിക്വിഡിറ്റി മാനേജ്‌മെൻറ് ചട്ടക്കൂട് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി, റിസർവ് ബാങ്ക് ലിക്വിഡിറ്റി മിച്ചം നിശ്ചിതനിരക്കിലുളള ഓവർനൈററ് റേറ്റ് റിവേഴ്‌സ് റിപ്പോ ജാലകത്തിൽനിന്നും കൂടുതൽ കാലാവധിയുളള വേരിയബിൾ റേറ്റ് റിവേഴ്‌സ് റിപ്പോ (വിആർആർആർ) ലേലസംവിധാന ത്തിലേക്ക് മാറ്റി. 14 ദിവസത്തെ വിആർആർആർ ലേലം പ്രധാന ലിക്വിഡിറ്റി മാനേജ്മെൻറ് പ്രവർത്തനമായി പുനഃസ്ഥാപിക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം. ഈ റീബാലൻസിങ് രീതിക്കു തുടർച്ചയായി, മുൻകൂട്ടി പ്രഖ്യാപിച്ച ഗ്ലൈഡ് പാത പിന്തുടർന്നു, അതിലൂടെ വിആർആർആർ ലേല തുക ഡിസംബർ മൂന്നോടെ 6.0 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചു. ഈ വർദ്ധനവിന്‍റെ പ്രതികരണമായി, ഓവർനൈററ് കൊലാറററൈസ്ഡ് പണവിപണി നിരക്കുകൾ അടുത്ത കാലത്തായി നേരിയ തോതിൽ ഉയർന്നു. മൊത്തത്തിൽ, പണലഭ്യതയുടെ പുനഃസന്തുലനം ആസൂത്രണം ചെയ്തതുപോലെ സമയബന്ധിതവും തടസ്സരഹിതവുമായ രീതിയിൽ മുന്നോട്ട് പോയി. ലിക്വിഡിറ്റി കവിഞ്ഞുനിൽക്കുന്ന സാഹചര്യങ്ങളിൽ റിസർവ് ബാങ്കിന്‍റെ നിയന്ത്രണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇത് നിറവേറ്റുന്നു, ഇത് ആവശ്യമുളളപ്പോൾ പണലഭ്യത സാധാരണ നിലയിലാക്കാനുള്ള റിസർവ് ബാങ്കിന്‍റെ കഴിവിനെ ശക്തിപ്പെടുത്തുന്നു.

17. സമ്പദ്‌വ്യവസ്ഥയുടെ ഉൽ‌പാദന മേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ ദ്രവ്യത നിലനിർത്തിക്കൊണ്ട് റിസർവ് ബാങ്ക് പണലഭ്യത വ്യവസ്ഥകൾ തടസ്സരഹിതമായ രീതിയിൽ പുനഃസന്തുലിത മാക്കുന്ന നടപടി തുടരും. ഈ ലക്ഷ്യത്തോടെ, 14 ദിവസത്തെ വിആർ ആർആർ ലേലത്തുകകൾ രണ്ടാഴ്ചയിലൊരിക്കൽ ഇനിപ്പറയുന്ന രീതിയിൽ വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു: ഡിസംബർ 17-ന് 6.5 ലക്ഷം കോടിയായും, ഡിസംബർ 31-ന് അത് 7.5 ലക്ഷം കോടി രൂപയായും ഉയർത്തും. തൽഫലമായി, 2022 ജനുവരി മുതൽ, പ്രധാനമായും ലേല മാർഗത്തിലൂടെതന്നെ ലിക്വിഡിററി ആഗിരണം ചെയ്യപ്പെടും.

18. നേരത്തെ പ്രഖ്യാപിച്ചതുപോലെ, ക്രമാനുഗതമായ ലിക്വിഡിററി വ്യവസ്ഥകൾ സന്തുലിതവും തുല്യവുമായ രീതിയിൽ വിതരണം ചെയ്യപ്പെടുന്നതിന്, അപ്രതീക്ഷിതമായുണ്ടാകുന്നതും, ഒറ്റത്തവണവരുന്ന തുമായ പണലഭ്യതാ പ്രവാഹങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആർബിഐ കാലാകാലങ്ങളിൽ മികച്ച ക്രമപ്പെടുത്തൽ പ്രവർത്തനങ്ങൾ നടത്തുന്നു. ആർബിഐ 28 ദിവസത്തെ വിആർആർആർ ലേലവും നടത്തിവരുന്നു. മുന്നോട്ട് പോകുമ്പോൾ, 14 ദിവസത്തെ വിആർആർ ആറുകളുടെ പ്രധാന പ്രവർത്തനം ദീർഘകാല വിആർആർആറുകളാൽ ശക്തിപ്പെടുത്തുന്നത് തുടരും. വികസിച്ചുകൊണ്ടിരിക്കുന്ന ലിക്വിഡിററി വ്യവസ്ഥകളുടെ തുടർച്ചയായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ അവയുടെ വലുപ്പവും കാലാവധിയും തീരുമാനിക്കപ്പെടും. ആവശ്യാനുസരണം വ്യത്യസ്ത തുകകളുടെ/കാലാവധികളുടെ ക്രമപ്പെടു ത്തൽ പ്രവർത്തനങ്ങൾ നടത്താനുള്ള സൗകര്യവും റിസർവ് ബാങ്ക് നിലനിർത്തുന്നു. എന്‍റെ പ്രസ്‌താവനകളിലും പ്രസംഗങ്ങളിലും ഞാൻ ആവർത്തിച്ച് ഊന്നിപ്പറഞ്ഞതുപോലെ, മഹാമാരിയിൽ നിന്ന് കരകയറിവരുന്ന സമ്പദ്‌വ്യവസ്ഥയുമായി പൊരുത്തപ്പെടുന്ന ഫലപ്രദമായ ലിക്വിഡിറ്റി മാനേജ്‌മെൻറ് ചട്ടക്കൂട് സ്ഥാപിക്കുവാനാണ് റിസർവ് ബാങ്ക് പരിശ്രമിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന സ്ഥൂലസാമ്പത്തിക- ധനാവസ്ഥകൾക്കനുസൃതമായി ഫലപ്രദമായ പണാധിഷ്ടിത കൈമാറ്റ ത്തിനും, പലിശ നിരക്ക് പ്രതീക്ഷകൾ നങ്കൂരമിടുന്നതിനും ആവശ്യമായ ഓപ്പറേഷൻ ട്വിസ്റ്റുകളും (ഒ.ടി.) തുടർച്ചയായ ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങളും (ഒ.എം.ഒകൾ) ഏറ്റെടുക്കാനും റിസർവ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

19. ലിക്വിഡിറ്റി മിച്ചം പുനഃസന്തുലിതമാക്കുന്നതിനുള്ള ഒരു നടപടിയെന്ന നിലയിൽ, 2020 മാർച്ച് 27 നും, ഏപ്രിൽ 17 നും പ്രഖ്യാപിച്ച ടാർഗെറ്റഡ് ലോംഗ് ടേം റിപ്പോ ഓപ്പറേഷൻസ് (ടിഎൽടിആർഒ 1.0, 2.0) പ്രകാരം ലഭ്യമായ ഫണ്ടുകളുടെ കുടിശ്ശിക തുക മുൻകൂട്ടി അടയ്ക്കുന്നതിന് ബാങ്കുകൾക്ക് ഒരു ഓപ്ഷൻ കൂടി നൽകാൻ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി 2020 നവംബറിൽ തന്നെ ബാങ്കുകൾക്ക് ഈ സ്കീമിനു കീഴിൽ ലഭിച്ച 1,12,900 കോടിയുടെ മൂന്നിലൊന്നായ 37,348 കോടി മുൻകൂട്ടി നൽകിയിരുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

20. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിനുളള അടിസ്ഥാനസൗകര്യങ്ങളും, സേവനങ്ങളും വർദ്ധിപ്പിക്കുന്നതിന് നൽകിയ 50,000 കോടി രൂപയുടെയും, സമ്പർക്കം കൂടുതലുള്ള ചില മേഖലകൾക്ക് 15,000 കോടി രൂപയുടെയും ഓൺ-ടാപ്പ് ലിക്വിഡിറ്റി ജാലകങ്ങൾ അവയുടെ ടെർമിനൽ തീയതി വരെ അതായത് 2022 മാർച്ച് 31 വരെ തുടരും.

21. കൂടാതെ, അധിക ലിക്വിഡിറ്റി നിലയുളളതുകാരണം എംഎസ്എഫ് ജാലകത്തിന്‍റെ ഉപയോഗം വിരളമായതിനാൽ, എംഎസ്എഫിനു കീഴിലുള്ള സാധാരണരീതിയിലേക്ക് മടങ്ങാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. തൽഫലമായി, 2022 ജനുവരി 1 മുതൽ എംഎസ്എഫിനു കീഴിൽ ഓവർനൈററ് വായ്പയെടുക്കുന്നതിനുളള സൗകര്യം ഇപ്പോഴുളള 3 ശതമാനത്തിന് പകരം നെറ്റ് ഡിമാൻഡ് ആൻഡ് ടൈം ലയബിലിറ്റികളുടെ (എൻഡിടിഎൽ) 2 ശതമാനം വരെ എന്ന രീതിയിൽ കുറയ്ക്കാൻ ബാങ്കുകൾക്ക് കഴിയും. പകർച്ചവ്യാധിയുടെ തുടക്കത്തിൽ നൽകിയ ഈ സൗകര്യം നിർണായകഘട്ടത്തിൽ വിപണിയിൽ ആത്മവിശ്വാസം ഉയർത്തിയിരുന്നു.

22. പണവും സാമ്പത്തികവുമായ സ്ഥിരത കാത്തുസൂക്ഷിക്കുന്നതോടൊപ്പം വളർച്ചാ പ്രേരണകൾ വിശാലമാക്കുന്നതിനുള്ള ഈ ഘട്ടത്തിൽ ഞങ്ങളുടെ സമഗ്രമായ മുൻഗണനയെ പിന്തുണയ്ക്കുന്ന നിലപാടിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഞാൻ ആവർത്തിക്കട്ടെ. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ ഉൽ‌പാദന മേഖലകളിലേക്കും മതിയായ വായ്പാ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ഞങ്ങൾ തുടരും.

അധിക നടപടികൾ

23. ഞങ്ങളുടെ തുടർച്ചയായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ, ചില അധിക നടപടികളും ഇന്ന് പ്രഖ്യാപിക്കുന്നു. ഈ നടപടികളുടെ വിശദാംശങ്ങൾ മോണിറ്ററി പോളിസി വിജ്ഞാപനത്തിലെ വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവനയിൽ (പാർട്ട്-ബി) വിശദീകരിച്ചിരിക്കുന്നു. അധിക നടപടികൾ ഇപ്രകാരമാണ്:

ബാങ്കുകളുടെ വിദേശ ശാഖകളിലും അനുബന്ധ സ്ഥാപനങ്ങളിലും മൂലധനം ലഭൃമാക്കൽ, ഈ സ്ഥാപനങ്ങളുടെ ലാഭം നില നിർത്തൽ/സ്വദേശത്തേക്ക് കൊണ്ടുപോകൽ/കൈമാറ്റം

24. നിലവിൽ, ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ള ബാങ്കുകൾക്ക് അവരുടെ വിദേശ ശാഖകളിലും അനുബന്ധ സ്ഥാപനങ്ങളിലും മൂലധനം നിക്ഷേപിക്കാം; ഈ കേന്ദ്രങ്ങളിലെ ലാഭം അവിടെ നിലനിർത്തുക; ആർബിഐയുടെ മുൻകൂർ അനുമതിയോടെ അതിൽ നിന്നുള്ള ലാഭം സ്വദേശത്തേക്ക് കൊണ്ടുപോകുക/കൈമാറുക എന്നിവ അനുവദനീയമാണ്. ബാങ്കുകൾക്ക് പ്രവർത്തന സൗകര്യം നൽകുകയെന്ന ലക്ഷ്യത്തോടെ, ബാങ്കുകൾ മൂലധനപര്യാപ്തതാ ആവശ്യകതകൾ നിറവേററിയിട്ടുണ്ടെങ്കിൽ ഇക്കാര്യങ്ങൾക്ക് ഇനി ആർബിഐയുടെ മുൻകൂർ അനുമതി തേടേണ്ടതില്ലെന്ന് തീരുമാനിച്ചു.

ബാങ്കുകളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയ്ക്കുള്ള പ്രുഡൻഷ്യൽ മാനദണ്ഡങ്ങളുടെ അവലോകനത്തെക്കുറിച്ചുള്ള ചർച്ചാ പേപ്പർ

25. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്ക് നിക്ഷേപ പോർട്ട്‌ഫോളി യോയുടെ വർഗ്ഗീകരണത്തിലും മൂല്യനിർണ്ണയത്തിലും നിലവിലുള്ള മാനദണ്ഡങ്ങൾ പ്രധാനമായും 2000 ഒക്ടോബറിൽ അവതരിപ്പിച്ച ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനുശേഷം ആഭ്യന്തര സാമ്പത്തിക വിപണിയിലും ആഗോളതലത്തിലും ഉണ്ടായ ഈ മേഖലയിലെ സുപ്രധാന സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ, ഒരു തുറന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഈ മാനദണ്ഡങ്ങൾ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട്, ആർബിഐയുടെ വെബ്‌സൈറ്റിൽ ഒരു ചർച്ചാപേപ്പർ അഭിപ്രായം രേഖപ്പെടുത്താനായി ഉടൻ പ്രസിദ്ധീകരിക്കും.

പേയ്‌മെൻറ് സംവിധാനങ്ങളിലെ ചാർജുകളെക്കുറിച്ചുള്ള ചർച്ചാ പേപ്പർ

26. എല്ലാ പങ്കാളികളുടെയും യോജിച്ച ശ്രമങ്ങളുടെ ഫലമായി സമീപ വർഷങ്ങളിൽ ഡിജിറ്റൽ പേയ്‌മെന്റുകളിൽ ഗണ്യമായ വർദ്ധന വുണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, പ്രീപെയ്ഡ് പേയ്‌മെൻറ് ഉപകരണങ്ങൾ (കാർഡുകളും വാലറ്റുകളും), യൂണിഫൈഡ് പേയ്‌മെൻറ് ഇൻറർഫേസ് (യുപിഐ) തുടങ്ങിയവയിലൂടെയുള്ള ഡിജിറ്റൽ പേയ്‌മെൻറുകൾക്കായി ഉപഭോക്താക്കൾ ഈടാക്കുന്ന വിവിധ നിരക്കുകളുടെ കാര്യങ്ങളിൽ ന്യായമായ ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ താങ്ങാനാകുന്ന തരത്തിൽ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളുടെ സമഗ്രമായ വീക്ഷണത്തിനും, ആശങ്കകൾ ലഘൂകരിക്കുന്നതിനുള്ള സാധ്യമായ സമീപനങ്ങൾക്കുമായി പേയ്‌മെൻറ് സംവിധാനത്തിലെ വിവിധ ചാർജുകളെക്കുറിച്ചുള്ള ഒരു ചർച്ചാ രേഖ പുറത്തിറക്കാൻ നിർദ്ദേശിക്കുന്നു.

യുപിഐ: പരിധികളുടെ ലളിതവൽക്കരണം, വ്യാപ്തി കൂട്ടൽ, മെച്ചപ്പെടുത്തൽ

27. ഇടപാടുകളുടെ അളവിന്‍റെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഒറ്റത്തവണ റീട്ടെയിൽ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ, ഇത്, പ്രത്യേകിച്ച് ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾക്ക്, അതിന്റെ വിപുലമായ സ്വീകാര്യതയെ സൂചിപ്പിക്കുന്നു, ഡിജിറ്റൽ പേയ്‌മെൻറുകൾ കൂടുതൽ ആഴത്തിലാക്കുന്നതിനും, അവ കൂടുതൽ ഉൾക്കൊള്ളുന്നതരത്തിലാ ക്കുന്നതിനും, ഉപഭോക്താക്കൾക്കുള്ള ഇടപാടുകൾ സുഗമമാക്കുന്നതിനും, ധനകാരൃവിപണിയിലെ വിവിധ വിഭാഗങ്ങളിലെ റീട്ടെയിൽ ഉപഭോക്താക്കളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, സേവന ദാതാക്കളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും, (i) യുപിഐ അടിസ്ഥാനമാക്കിയുള്ള പേമെൻറ് ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് ചെറിയ മൂല്യമുള്ള പേയ്‌മെൻറുകൾക്ക് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി ആരംഭിക്കാൻ നിർദ്ദേശിക്കുന്നു. റീട്ടെയിൽ പേയ്‌മെൻറുകളിലെ ആർബിഐയുടെ റെഗുലേറ്ററി സാൻഡ്‌ബോക്‌സിൽ നിന്നുള്ള നൂതന ഉൽപ്പന്നങ്ങൾ ഇതിൽ പ്രയോജനപ്പെടുത്തുക, (ii) യുപിഐ ആപ്ലിക്കേ ഷനുകളിലെ 'ഓൺ-ഡിവൈസ്' വാലറ്റിന്‍റെ ഒരു സംവിധാനത്തിലൂടെ ചെറിയ മൂല്യമുള്ള ഇടപാടുകൾക്കുള്ള പ്രക്രിയ ലളിതമാക്കുക; കൂടാതെ (iii) ജി-സെക്കുകൾ, പ്രാഥമിക പബ്ളിക് ഓഫറുകൾ (ഐപിഒ) തുടങ്ങിയ ആപ്ലിക്കേഷനുകളിൽ നിക്ഷേപിക്കുന്നതിനുള്ള റീട്ടെയിൽ ഡയറക്ട് സ്കീമിനായുള്ള യുപിഐ വഴിയുള്ള പേയ്‌മെൻറുകളുടെ ഇടപാട് പരിധി 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുക എന്നിവയാണ് ഉദ്ദേശിക്കുന്നത്.

വാണിജ്യാവശൃങ്ങൾക്കുളള വിദേശകടമെടുപ്പ് (ഇസിബി)/ട്രേഡ് വായ്പ (ടിസി) - ലിബോറിൽ നിന്ന് ഇതര റഫറൻസ് നിരക്കിലേക്കുള്ള (എആർആർ) മാറ്റം

28. നിലവിൽ, ഇസിബിയുടെയും ട്രേഡ് വായ്പകളുടെയും പലിശ നിരക്കുകൾ ലിബോർ അല്ലെങ്കിൽ കടം വാങ്ങുന്ന കറൻസിക്ക് ബാധകമായ മറ്റേതെങ്കിലും ഇൻറർബാങ്ക് നിരക്ക് മാനദണ്ഡമാക്കിയാണ് കണക്കാക്കുന്നത്. നാം ലിബോറിൽ നിന്ന് മാറുമ്പോൾ, അത്തരം ഇടപാടുകൾക്കായി പരക്കെ അംഗീകരിക്കപ്പെട്ട ഏതെങ്കിലും ഇൻറർബാങ്ക് നിരക്ക് അല്ലെങ്കിൽ ഇതര റഫറൻസ് നിരക്ക് (എആർആർ) ഉപയോഗിക്കാൻ സഹായിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്.

ഉപസംഹാരക്കുറിപ്പ്

29. ആഗോളതലത്തിൽ, സമ്പദ്‌വ്യവസ്ഥകൾ തുറക്കുകയും പ്രവർത്തന നിലകൾ പകർച്ചവ്യാധി വ്യാപനത്തിനു മുൻപുളള നിലയിൽ എത്തുകയും ചെയ്യുന്നുണ്ട്. അതേസമയം, ലോകത്തിന്‍റെ പല ഭാഗങ്ങളിലും കൊവിഡ്-19 തരംഗങ്ങളുടെ ആവർത്തനവും, ഒമിക്‌റോൺ വകഭേദത്തിന്‍റെ കടന്നുവരവും, വിലക്കയറ്റവും, തുടർച്ചയായ വിതരണ തടസ്സങ്ങളിൽ നിന്നുള്ള തിരിച്ചടികളും നമ്മുടെ ദൃഷ്ടിയിൽ നിഴൽപരത്തുന്നു. രാജ്യങ്ങളിലുടനീളം വികസിച്ചുകൊണ്ടിരിക്കുന്ന വളർച്ച-പണപ്പെരുപ്പ ചലനാത്മകത കണക്കിലെടുക്കുമ്പോൾ, ധനനയവും ഒരു ഗതിമാറുന്ന (ഇൻഫ്ലക്ഷൻ) ബിന്ദുവിലെത്തുന്നു, ഇത് സാമ്പത്തിക വിപണികളെ മുൾമുനയിൽ നിർത്തുന്നു.

30. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്‍റെ പാതയിൽ താരതമ്യേന നല്ല നിലയിലാണ്. പക്ഷേ ആഗോള സ്പിൽ ഓവറുകളിൽ നിന്നോ ഒമിക്‌റോൺ വേരിയൻറ് ഉൾപ്പെടെയുള്ള പുതിയ വകഭേദങ്ങളിൽ നിന്നുള്ള അണുബാധകളിൽ നിന്നോ അതിനെ പ്രതിരോധിക്കാൻ കഴിയില്ല. അതിനാൽ, നമ്മുടെ സ്ഥൂലസാമ്പത്തിക അടിത്തറകളെ ശക്തിപ്പെടുത്തുക, നമ്മുടെ സാമ്പത്തിക വിപണികളെയും സ്ഥാപനങ്ങളെയും സുഗമവും സുസ്ഥിരവുമാക്കുക, വിശ്വസനീയവും സ്ഥിരതയുള്ളതുമായ നയങ്ങൾ കൊണ്ടുവരുക എന്നിവയ്ക്കാണ് ഈ അനിശ്ചിത കാലങ്ങളിൽ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്.

31. സുസ്ഥിരവും, ശക്തവും, ഏവരേയും ഉൾക്കൊള്ളുന്നതുമായ വീണ്ടെടുക്കൽ സാധ്യമാക്കുക എന്നത് ഞങ്ങളുടെ ദൗത്യമാണ്. നമ്മുടെ ശ്രമങ്ങളിൽ നാം സ്ഥിരോത്സാഹവും ക്ഷമയും സ്ഥിരതയും ഉള്ളവരായിരിക്കണം. നമ്മെ അഭിമുഖീകരിക്കുന്ന പുതിയ യാഥാർത്ഥ്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം, ജാഗ്രത പുലർത്തണം. കഴിഞ്ഞ ഒരു വർഷവും ഒമ്പത് മാസവും ഞങ്ങളുടെ പ്രയത്‌നങ്ങൾ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി, മുന്നിലുള്ള വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങൾക്കു തുടക്കംകുറിക്കാൻ ഞങ്ങൾക്കായി. നെൽസൺ മണ്ടേലയെ ഉദ്ധരിക്കുമ്പോൾ: "ശുഭാപ്തി വിശ്വാസമുളളയാളിന്‍റെ ഒരു ലക്ഷണം അദ്ദേഹത്തിന്‍റെ തല സൂര്യനു നേർക്കാകുന്നു എന്നതും, പാദങ്ങൾ മുന്നോട്ട് നീങ്ങുന്ന ന്ലയിലാണെന്ന തുമാണ്"2. ഞങ്ങളുടെ മുന്നോട്ടുള്ള യാത്ര ഇപ്പോൾ കൂടുതൽ വ്യക്തമാണ്, ഞങ്ങളുടെ ദൗത്യം ഉറപ്പായിരിക്കുന്നു. മഹാത്മാഗാന്ധിയുടെ ഈ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശക്തവും സുസ്ഥിരവും ഊർജ്ജസ്വലവുമായ സമ്പദ്‌വ്യവസ്ഥയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം: “എന്‍റെ വിജയം എന്‍റെ നിരന്തരവും, വിനയാന്വിതവും, സത്യസന്ധവുമായ പരിശ്രമത്തിലാണ്. എനിക്ക് വഴി അറിയാം. ഇത് ദീർഘവും, എന്നാൽ ഇടുങ്ങിയതുമാണ്. അത് വാളിന്‍റെ വായ്ത്തല പോലെയാണ്. അതിലൂടെ നടക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു.…. പരിശ്രമിക്കുന്നവൻ ഒരിക്കലും വിനഷ്ടനാകുന്നില്ല. ആ വാഗ്ദാനത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്...."3.

നന്ദി. സുരക്ഷിതരായിരിക്കുക. നന്നായിരിക്കുക. നമസ്കാരം.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2021-2022/1321


1 ലൈഡർ, ആർ. (2015). ഉദ്ദേശ്യത്തിന്റെ ശക്തി: അർത്ഥം കണ്ടെത്തുക, കൂടുതൽ കാലം ജീവിക്കുക, മികച്ചരീതിയിൽ, പേജ്. 35.

2 മണ്ടേല, എൻ. (1995). സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട നടത്തം: നെൽസൺ മണ്ടേലയുടെ ആത്മകഥ.

3 മഹാത്മാഗാന്ധിയുടെ സമാഹരിച്ച കൃതികൾ (സി.ഡബിളിയു.എം.ജി), വാല്യം. 35, പേജ്. 374-375.

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������